പശ്ചിമേഷ്യന്‍ യുദ്ധം; ഗാസയില്‍ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍
ഗാസ മുനമ്പ് ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോര്‍ട്ട്. പലസ്തീന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള വേള്‍ഡ് മൂവ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 1700 കുട്ടികളും വെസ്റ്റ് ബാങ്കില്‍ 27 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കണക്കനുസരിച്ച് 120 കുട്ടികളാണ് പ്രതിദിനം ഗാസയില്‍ കൊല്ലപ്പെട്ടത്.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1,400 ഓളം പേരെ കാണാതായതിനാല്‍ ഗാസ മുനമ്പില്‍ കുട്ടികളുള്‍പ്പെടെയുള്ള കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നും വേള്‍ഡ് മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലെബനന് അതിര്‍ത്തിയിലെ ഗ്രാമീണരെ ഇസ്രയേല്‍ ഒഴിപ്പിച്ചു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചേക്കുമെന്നതിനാല്‍ ഗാസയിലേക്ക് അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. യുദ്ധമേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണെന്നും റെഡ് ക്രസന്റ് അറിയിച്ചു.