Uncategorized

ടിഎംസിയില്‍ വിമത നീക്കം രൂക്ഷം; ബിജെപി പിന്തുണയോടെ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിച്ചേക്കും

Spread the love

 

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. മമത ബാനര്‍ജിക്കും അഭിഷേക് ബാനര്‍ജിക്കുമെതിരെ എതിര്‍പ്പ് ശക്തം. ടിഎംസിയുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് വിമത എംപിമാര്‍. ഡല്‍ഹിയില്‍ ഇന്ന് യോഗം ചേരുമെന്നാണ് വിവരം. ബിജെപിയുടെ പിന്തുണയോടെയാണ് വിമത നീക്കങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് കാര്യങ്ങള്‍ക്ക് നേതൃത്വം നടത്തുന്നത്. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ട് നാളെ ലോക്‌സഭ സ്പീക്കര്‍ക്ക് വിമത എംപിമാര്‍ കത്തുനല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.ബിജെപിയുടെ പിന്തുണയാണ് വിമത നീക്കത്തിന് പിന്നില്‍. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 58 വിമത ടിഎംസി എംഎല്‍എമാര്‍ ചേര്‍ന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കര്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയില്‍ ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് എന്നതാണ് വിമതരുടെ നീക്കം. മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടിയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയിലേക്ക് പാര്‍ട്ടി അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ നീക്കങ്ങളാണ് ടിഎംസിയുടെ പിളര്‍പ്പിലേക്കെത്തിയത്.

 

അതിനിടെ, മമത ബാനര്‍ജിക്കും 5 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ടിഎംസിയുടെ വിമത നേതാവ്. വിമത എംപി കകോലി ലോഷിന്റെ മകന്‍ വൈദ്യനാഥ് ഘോഷാണ് നോട്ടീസ് അയച്ചത്. നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന ആരോപണം തള്ളിക്കൊണ്ടാണ് നോട്ടീസ്. വ്യക്തിപരമായി അപമാനിച്ചു എന്നും നോട്ടീസില്‍ പറയുന്നുണ്ട്. മഹുവ മൊയ്ത്ര, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, സൊണാലി ഗുഹ എന്നിവര്‍ക്കും നോടീസ് അയച്ചിട്ടുണ്ട്. 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നാണ് വിമത നേതാവിന്റെ ആവശ്യം.