ബന്ധു നിയമന വിവാദം: ‘ബെന്നി തോമസിന്റെ രാജി വിവാദങ്ങള്‍ ഒഴിവാക്കാന്‍ താരുമാനം അദ്ദേഹത്തിന്റേത്’; സണ്ണി ജോസഫ്
ബന്ധു നിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തില്‍ നിയമ പ്രശ്നമില്ലെന്നും സഹോദരീ ഭര്‍ത്താവായ ബെന്നി തോമസ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചത് വിവാദം ഒഴിവാക്കാനെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല. ബെന്നി തോമസിന്റെ പേര് നല്‍കിയത് കണ്ണൂര്‍ ഡിസിസി എന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
വിവാദങ്ങളില്‍ തുടരാനാഗ്രഹിക്കുന്നില്ല എന്ന് എന്നെയും മുഖ്യമന്ത്രിയേയും ബെന്നി തോമസ് അറിയിച്ചു. അദ്ദേഹത്തിന്റെ ആ ചുമതലയില്‍ നിന്നുള്ള രാജിക്കത്തും നല്കി. വാര്‍ത്ത വന്നപ്പോള്‍ തന്നെ വിഷയത്തിലെ നിയമപരമായ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. പഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിന് യോഗ്യതയും അയോഗ്യതയുമൊന്നും എവിടെയും പറഞ്ഞിട്ടില്ല – സണ്ണി ജോസഫ് പറഞ്ഞു.
പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ ഇന്നലെയാണ് മന്ത്രി സണ്ണി ജോസഫിന്റ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചത്. വിവാദമായ പശ്ചാത്തലത്തില്‍ സണ്ണി ജോസഫിന് ഏതെങ്കിലും വിധത്തില്‍ ദോഷമാകരുത് എന്നുള്ളതുകൊണ്ടാണ് രാജിവെച്ചത് എന്നാണ് ബെന്നി തോമസ് വ്യക്തമാക്കുന്നത്. രണ്ടുപേരും ഒരുമിച്ച് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം.
