പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളിയും; പകരം സ്‌നേഹ ഭവനം ഒരുക്കും
കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് പ്രശസ്തമായ കടമറ്റം പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തീരുമാനം. വെടിക്കെട്ടിന് പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പുറമേ മാതൃകാപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് കടമറ്റം പള്ളിയും. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍.മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആർപ്പൂക്കര കല്ലുങ്കത്ര മണലേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ഏപ്രില്‍ 26 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിക്കുകയായിരുന്നു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. നിലവിൽ 16 പേർക്കാണ് ജീവൻ നഷ്ടമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
