Uncategorized

നീറ്റ് കെമിസ്ട്രി പരീക്ഷയുടെ മുഴുവന്‍ ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തല്‍; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ പുനഃസംഘടനയ്ക്ക് നീക്കം

Spread the love

നീറ്റ് കെമിസ്ട്രി പരീക്ഷയുടെ മുഴുവന്‍ ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ പുനഃസംഘടന നടത്താനാണ് നീക്കം. മുന്‍ പരീക്ഷ നടത്തിപ്പില്‍ കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിച്ച് നീറ്റ് യുജി പുനഃപരീക്ഷ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ നിര്‍ദേശം നല്‍കി.ആഭ്യന്തര പരിശോധനയിലാണ് നീറ്റ് കെമിസ്ട്രി ചോദ്യപേപ്പറിന്റെ നൂറ് ശതമാനം ചോദ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തിയത്. എല്ലാ ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിന് സമാനമായിരുന്നുവെന്ന് കണ്ടെത്തി. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ 27 പേരുടെ പേരുകള്‍ സിബിഐക്ക് കൈമാറി.മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശകള്‍ക്ക് അനുസൃതമായാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയിലെ എന്‍ടിഎ ആസ്ഥാനത്ത് എന്‍എസ്യുഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തല മൊട്ടയടിച്ച് പ്രതിഷേധിക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

 

ജൂണ്‍ 21 നടക്കുന്ന പുനഃപരീക്ഷയില്‍ മുന്‍ പരീക്ഷകളില്‍ ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് കര്‍ശന സുരക്ഷയോടെ പരീക്ഷ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ നിര്‍ദ്ദേശം നല്‍കി. പരീക്ഷ സംബന്ധിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം.