‘കിട്ടിയെടാ പൂക്കി സിഎമ്മിനെ’; വി ഡി സതീശന്റെ ആ എക്‌സ്പ്രഷന്‍ ഇന്‍സ്റ്റ തൂക്കി; ഏറെ കാത്തിരുന്ന പ്രഖ്യാപനമുണ്ടാകുമോ എന്ന് കാതോര്‍ത്ത് യുവാക്കള്‍
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള ഇന്ദിരാ ഗ്യാരണ്ടി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉടനടി നടപ്പാക്കുമോ എന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടുമിക്ക മലയാളികളുടേയും ആകാംക്ഷ. എന്നാല്‍ കുറച്ച് ചെറുപ്പക്കാര്‍ അതിനേക്കാളും കേള്‍ക്കാന്‍ കാത്തിരുന്നത് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അനൗദ്യോഗികമായി പറഞ്ഞ ഒരു വാഗ്ദാനം പാലിക്കപ്പെടുന്നതിനാണ്. ക്ഷമയില്ലാതെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ചിലര്‍ അതങ്ങ് വി ഡി സതീശനോട് ചോദിച്ചു. വാഹനങ്ങള്‍ ഞങ്ങള്‍ക്ക് മോഡിഫൈ ചെയ്യാനാകുമോ എന്ന്. അതിന്റെ വാക്കാലേയുള്ള ഉത്തരമല്ല പക്ഷേ ചെറുപ്പക്കാരെ ത്രില്ലടിപ്പിച്ചത്. അതിനേക്കാള്‍ അവര്‍ക്ക് ഹരമായത് മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായ പ്രത്യേക എക്‌സ്പ്രഷനാണ്. അവിടെ ഞങ്ങള്‍ കണ്ടു ഞങ്ങളുടെ പൂക്കി മുഖ്യമന്ത്രിയെ എന്ന് ഉറപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ചില യുവാക്കള്‍. (cm vd satheesan’s expression viral in instagram)
വാഹനങ്ങള്‍ മോഡിഫൈ ചെയ്യാന്‍ അനുവദിക്കുമെന്ന് വെറുതെ വോട്ട് കിട്ടാന്‍ പറഞ്ഞതല്ലെന്നും പ്രഖ്യാപനം ഉടനേ വരുമെന്നും വി ഡി സതീശന്‍ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു. കാത്തിരിക്കൂ എന്ന അര്‍ഥത്തില്‍ നിറചിരിയോടെ കണ്ണുകളിലും ചുണ്ടിലും കുസൃതി നിറച്ച് അദ്ദേഹമിട്ട എക്‌സ്പ്രഷന്‍ ഇന്നലെ മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ കത്തിപ്പടരുകയാണ്. കുസൃതി നിറഞ്ഞ പല പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാനാകുന്ന ഒരു മീമായി പല നെറ്റിസണ്‍സും ഈ എക്‌സ്പ്രഷനെ കാണാന്‍ തുടങ്ങുകയും മീമായും സ്റ്റിക്കറായും ഈ എക്‌സ്പ്രഷന്‍ സോഷ്യല്‍ മീഡിയ തൂക്കുകയുമാണ്.നിലപാടുകളുടെ മാത്രം രാജകുമാരനല്ല മറിച്ച് എക്‌സ്പ്രഷന്‍ കിങ് കൂടിയാണ് വി ഡി സതീശനെന്നാണ് ചില ഇന്‍സ്റ്റ ഉപയോക്താക്കളുടെ അഭപ്രായം. നമ്മുടെ വൈബ് മനസിലാക്കിയ ഒരു മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് ചില ജെന്‍ സികള്‍ പ്രഖ്യാപിക്കുന്നുണ്ട്. അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ ആകാമെന്നാണ് വി ഡി സതീശന്റെ നിലപാട്. മുമ്പ് പ്രഖ്യാപിച്ചതെല്ലാം നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞിരുന്നു.
