‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’; എംകെ രാഘവന്‍
കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. കെ സിയെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും എംകെ രാഘവന്‍ പറഞ്ഞു. ഇതിന് നേതൃത്വം കൊടുത്തത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണോ എന്ന് പറയുന്നില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തുമെന്നും എംകെ രാഘവന്‍ പറഞ്ഞു. (cyber attacks against KC Venugopal)അദ്ദേഹത്തെ ഇനി എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടോ. അതുകൊണ്ട് ചിലര്‍ക്ക് ആത്മസുഖമുണ്ടാകും. അതുണ്ടാകട്ടെ. എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണം നടത്തുമല്ലോ. സ്വാഭാവികമല്ലേ – അദ്ദേഹം പറഞ്ഞു.ഇന്നലെ തിരുവനന്തപുരത്തെത്തിയ കെസി വേണുഗോപാല്‍ നാലാഞ്ചിറയിലെ വീട്ടില്‍ തുടരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എംകെ രാഘവന്‍ എംപി, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കള്‍ കെസി വേണുഗോപാലിനെ കാണാനെത്തി. മന്ത്രിസഭാ പ്രവേശത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയുമായി കെസി വേണുഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇതുവരെ ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നായിരുന്നു കെ സി ഇന്നലെ തിരുവനന്തപുരത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇവിടെ നല്ലൊരു ഗവണ്‍മെന്റ് വന്നു. ജനങ്ങള്‍ നല്ല പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ഗവണ്‍മെന്റിന് പോകാന്‍ അവസരം കൊടുക്കുക. മറ്റ് വിവാദങ്ങളിലേക്ക് തത്കാലം പോകാതിരിക്കുക. ഞാന്‍ ഇന്നും ഇന്നലെയുമൊക്കെയായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ് കെ സി പക്ഷം, ഇവിടെ അങ്ങനത്തെ പക്ഷമൊന്നും വേണ്ട. കോണ്‍ഗ്രസിന്റെ ഏറ്റവും കേപ്പബിള്‍ ആയിട്ടുള്ള എംഎല്‍എമാരാണ് ജയിച്ചു വന്നിട്ടുള്ളത്. അതില്‍ നിന്ന് അര്‍ഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും. അവര്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മുന്നോട്ട് പോകും. ആ പ്രതീക്ഷയാണ് ഇനി നമ്മള്‍ വച്ചുപുലര്‍ത്തേണ്ടത്. ആ പ്രതീക്ഷക്കുള്ള പിന്തുണയാണ് കൊടുക്കേണ്ടത്. അതിന് ഞങ്ങളെല്ലാം പ്രതിജ്ഞാബദ്ധമാണ് – അദ്ദേഹം വ്യക്തമാക്കി.
