Uncategorized

ക്ലാസിലെ പ്രോഗ്രസ് കാര്‍ഡ് തിരുത്തി; ഒന്‍പതുകാരിയെ കൊന്ന് കത്തിച്ച് പിതാവ്; നടുക്കം

Spread the love

 

സ്കൂളിലെ പരീക്ഷയുടെ മാര്‍ക്കില്‍ കള്ളം പറഞ്ഞതിന് ഒന്‍പത് വയസ് മാത്രം പ്രായമുള്ള മകളെ പിതാവ് വെട്ടിനുറുക്കി. തെളിവ് നശിപ്പിക്കാന്‍ മൃതദേഹം തുണിക്കെട്ടിലാക്കി കത്തിക്കാനും ശ്രമിച്ചു. പൂണെയിലെ ദൗണ്ടിലാണ് സംഭവം. അനാമികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ശാാന്താറാം ദുര്യോധന്‍ ചവാനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

ശാന്താറാമിന്‍റെ ആദ്യ വിവാഹത്തിലെ മകളാണ് അനാമിക. അനാമികയും ശാന്താറാമിന്‍റെ നിലവിലെ ഭാര്യയുടെ ആദ്യബന്ധത്തിലെ മകനായ സന്‍സ്കറും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സന്‍സ്കര്‍ ഒന്നാമതെത്തിയപ്പോള്‍ അനാമിക രണ്ടാംസ്ഥാനക്കാരിയായി. ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്കായി. വിഷമത്തിലായ അനാമിക സന്‍സ്കറിന്‍റെ പ്രോഗ്രസ് കാര്‍ഡിലെ പേരുമാറ്റി തന്‍റേതാക്കി. ഇതിനെ ചൊല്ലി ഇരുവരും വഴക്കുമായി. ഇതാണ് പിതാവ് ശാന്താറാം ഏറ്റുപിടിച്ചതും ദേഷ്യത്തില്‍ തടി മുറിക്കുന്ന മെഷീന്‍ കൊണ്ട് അനാമികയെ ആക്രമിച്ചതും. അടിയേറ്റ അനാമിക തല്‍ക്ഷണം മരിച്ചു. മകള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം മറവ് ചെയ്യാനായി ശാന്താറാമിന്‍റെയും ഭാര്യയുടെയും ശ്രമം. തുണിയില്‍ക്കെട്ടി കത്തിക്കാന്‍ തുടങ്ങിയതിനിടെയാണ് അയല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

 

സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയെയും പൊലീസ് പ്രതിയാക്കിയിട്ടുണ്ട്. കുറ്റകൃത്യം പൊലീസില്‍ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് കേസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.