Thursday, May 14, 2026
Latest:
Uncategorized

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും; വീട്ടില്‍ നിന്ന് പുറത്തേക്കുപോയി

Spread the love

 

മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചതായി വിവരമുണ്ട്. അവഗണിച്ചത് ശരിയായില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. ചെന്നിത്തല വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സീനിയോരിറ്റി പരിഗണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. (ramesh chennithala is not satisfied with aicc’s pick for the post of kerala cm)

 

 

വീടിന്റെ മറ്റൊരു വശത്തുള്ള വാതിലിലൂടെ അദ്ദേഹം പുറത്തേക്കിറങ്ങുകയും കാറില്‍ കയറി പോകുകയുമായിരുന്നു. നിയുക്ത എംഎല്‍എയായ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉള്‍പ്പെടെ തന്റെ അതൃപ്തി രമേശ് ചെന്നിത്തല മറച്ചു വച്ചില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.അതേസമയം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് കെ സി വേണുഗോപാല്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. വി ഡി സതീശന് എല്ലാ പിന്തുണയും നല്‍കും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതെന്നും ആ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.