Monday, April 27, 2026
Latest:
Uncategorized

ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട്; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

Spread the love

 

പശ്ചിമേഷ്യന്‍ സമാധാനത്തിന് അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട് എന്ന നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് ഇറാന്‍.സംഘര്‍ഷം തുടരുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി റഷ്യയില്‍ വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. (Putin meets Araghchi, says Russia hopes peace will prevail in Iran)

 

 

പാക്കിസ്താന്‍ – ഒമാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചി രാവിലെയോടെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എത്തിയത്. വൈകീട്ടോടെ വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന അരഗ്ചി മേഖലയിലെ സാഹചര്യം അറിയിക്കും. പുടിനുമായുള്ള കൂടിക്കാഴ്ച, മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നല്ലൊരു അവസരമായിരിക്കുമെന്നും റഷ്യയുമായുള്ള കൂടിയാലോചനകള്‍ പ്രാധാന്യമുള്ളതെന്നും അരഗ്ചി പറഞ്ഞു. അതിനിടെ സമാധാനത്തിനായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വച്ചു. മധ്യസ്ഥരായ പാകിസ്താന്‍ വഴിയാണ് നിര്‍ദേശങ്ങള്‍.ആദ്യം ഹോര്‍മുസ് തുറക്കുക, ആണവ ചര്‍ച്ച പിന്നീട് എന്ന നിര്‍ദേശമാണ് ഇറാന്റേത്. ദീര്‍ഘകാലത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടണം അല്ലെങ്കില്‍ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്ക ഇറാനെതിരെ പുറപ്പെടുവിച്ച അന്ത്യശാസനകള്‍ വിലപ്പോവില്ലെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തി. ചര്‍ച്ച മുന്നോട്ട് പോകണമെങ്കില്‍ അമേരിക്ക ബ്ലാക്ക് മെയിലിംഗും അന്ത്യശാസനകളും അവസാനിപ്പിക്കണമെന്നും അരഗ്ചി – പുടിന്‍ കൂടിക്കാഴ്ച നടക്കാനിരിക്കെ റഷ്യ ആവശ്യപ്പെട്ടു. അമേരിക്ക – ഇറാന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചയും അനിശ്ചിതത്വത്തിലായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് ബാരലിന് 107.35 ഡോളറില്‍ എത്തി.