KeralaTop News

‘ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാമോ?’ യുഡിഎഫ് നേതാക്കളെ വെല്ലുവിളിച്ച് തോമസ് ഐസക്

Spread the love

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദം തെറ്റെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. 2015 ഡിസംബറില്‍ ആറ് മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശികയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ യുഡിഎഫ് കാലത്ത് ഈ കുടിശികയെല്ലാം തീര്‍ത്തതിന്റെ നാള്‍ വഴി യുഡിഎഫ് നേതാക്കള്‍ക്ക് പറയാമോ എന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഇതിനായി സര്‍ക്കാര്‍ പണം അനുവദിച്ചതിന്റെ ഉത്തരവ് കാണിക്കാമോ എന്നും തോമസ് ഐസക് ചോദിച്ചു.

യുഡിഎഫ് കാലത്ത് 2014 സെപ്റ്റംബര്‍ മുതലുളള ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ നാള്‍വഴി പറയാനാണ് വെല്ലുവിളി. കുടിശിക തീര്‍ക്കാന്‍ ധന വകുപ്പ് പണം അനുവദിച്ചതിന്റെ ഉത്തരവിന്റെ നമ്പരും തീയതിയുമെങ്കിലും പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. 2014 ഓഗസ്റ്റില്‍ ഓണം പ്രമാണിച്ച് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ച തുകയെത്രയെന്നും യുഡിഎഫ് പറയണമെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെല്ലുവിളി.