‘ഇത്തവണയും ഓസ്കർ വേദിയിൽ മലയാള സാന്നിധ്യം’; പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഓസ്കർ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച ഇന്ത്യയിൽ നിന്നുള്ള താരം അനന്യ ശാൻഭാഗിന് വസ്ത്രമൊരുക്കിയ പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
‘മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയിൽ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് ഓസ്കാർ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.’ – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ഹ്രസ്വചിത്രം അനുജയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനന്യ ശാൻഭാഗ് ആണ്. പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമായ പ്രാണയാണ് അനന്യക്കായി ഓസ്കർ ചടങ്ങിലേക്ക് വസ്ത്രം ഒരുക്കിയത്. അന്താരാഷ്ട്ര വേദികളിൽ നേരത്തെയും കയ്യൊപ്പ് ചാർത്തിയിട്ടുള്ള സംരംഭമാണ് പ്രാണ. 2019ൽ വെനിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നടി നിമിഷ സജയൻ, 2024ലെ കാൻ ചലച്ചിത്രോത്സവത്തിൽ നടി ദിവ്യ പ്രഭ എന്നിവർ എത്തിയത് പ്രാണയുടെ വസ്ത്രങ്ങൾ ധരിച്ചാണ്. അനന്യ ശാൻഭാഗിലൂടെ കേരളത്തിന്റെ കൈത്തറിയെ ഹോളിവുഡിന്റെ ഏറ്റവും ശ്രദ്ധേയമായ വേദിയിൽ എത്തിച്ചിരിക്കുകയാണ് പ്രാണ.