KeralaTop News

കോഴിക്കോട്ടെ അധ്യാപികയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Spread the love

കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ അധ്യാപിക അലീന ബെന്നി (30) യുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഇല്ലാത്ത ഒഴിവിലേക്കാണ് അലീന ബിന്നിയെ മാനേജ്മെൻറ് നിയമിച്ചത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കേണ്ടത്. 2019 ൽ നസ്രത് എൽ പി സ്കൂളിൽനിന്നും അനധികൃതമായി അവധിയിൽ പോയ അധ്യാപികയെ നീക്കിയ ഒഴിവിലേക്കായിരുന്നു അലീനയുടെ ആദ്യ നിയമനം. ഇതിന് അംഗീകാരം തേടി മാനേജ്മെന്റ് നൽകിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് നിരസിച്ചു. അധ്യാപികയെ സർവീസിൽ നിന്നും നീക്കം ചെയ്ത ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്തതായിരുന്നു കാരണം

അലീനയെ സെന്റ് ജോസഫ് സ്കൂളിലേക്ക് സ്ഥലം മാറ്റിയ ശേഷം നിയമന ഉത്തരവ് അംഗീകരിക്കാനായി വീണ്ടും അപേക്ഷ നൽകി. മതിയായ രേഖകൾ ഇല്ലാത്തിനാൽ ഇതും കഴിഞ്ഞ നവംബറിൽ മടക്കി. രേഖകൾ സഹിതം കഴിഞ്ഞ മാസം 14ന് വീണ്ടും നൽകിയ അപേക്ഷ പരിഗണിക്കവെയാണ് അലീന ആത്മഹത്യ ചെയ്യുന്നത്. മാനേജ്മെൻ്റിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തി.

അലീനയുടെത് സ്ഥിരം നിയമനമാണെന്നും വിദ്യാഭ്യാസ വകുപ്പാണ് അനാസ്ഥ കാട്ടിയതെന്നുമാണ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖലയുടെ വിശദീകരണം. അലീനയുടെ മൃതദേഹം കട്ടിപ്പാറ ഹോളി ഫാമിലി ചർച്ചിൽ സംസ്കരിച്ചു.