Sunday, April 19, 2026
Top NewsWorld

4 ബന്ദികളെക്കൂടി ഹമാസ് ഇസ്രായേലിന് കൈമാറി; 200 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും

Spread the love

ബന്ദികളായിരുന്ന നാല് ഇസ്രയേലി വനിതാ സൈനികരെ മോചിപ്പിച്ച് ഹമാസ്. ഇസ്രയേല്‍ പ്രതിരോധ സേനാംഗങ്ങളായ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയച്ചത്. മിലിറ്ററി യൂണിഫോമില്‍ എത്തിയ വനിതകളെ റെഡ്‌ക്രോസ് അംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. 2023 ഒക്ടോബര്‍ 7 മുതല്‍ ബന്ദികളാക്കിയ നാല് ഇസ്രായേല്‍ വനിതാ സൈനികരെ മോചിപ്പിക്കുമെന്ന് ഹമാസ് വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇത് രണ്ടാമത്തെ കൈമാറ്റമാണ്. നഹാല്‍ ഓസ് മിലിറ്ററി ബേസില്‍ നിന്നും ഈ നാല് പേരെയും ബന്ദികളാക്കിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്. പകരമായി 200ഓളം പലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയക്കും.

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനില്‍ക്കുക. ഒക്ടോബര്‍ ഏഴ് ആക്രമണം മുതല്‍ ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 33 പേരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുക. ഇതിന് പകരമായി ഇസ്രയേല്‍ അറസ്റ്റ് ചെയ്ത നൂറുകണക്കിന് പലസ്തീന്‍ പൗരന്മാരേയും വിട്ടയയ്ക്കും. മുന്‍പ് നാലുബന്ദികളെ ഹമാസ് സ്വതന്ത്രരാക്കിയിരുന്നു. ഹമാസ് മോചിപ്പിച്ച ബന്ദികളായ ഓരോ സ്ത്രീകള്‍ക്കും പകരമായി 50 പലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും.

യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗസ്സയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.