കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിൽ; എഫ്ഐആർ
കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് ചെയർപേഴ്സന്റെ കാറിൽ എന്ന് എഫ്ഐആർ. വനിതാ കൗൺസിലർ അടക്കം തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിന്നുവെന്ന് എഫ്ഐആറിൽ പരാമർശം. തട്ടിക്കൊണ്ടുപോകൽ വിവാദങ്ങൾക്ക് പിന്നാലെ കൂത്താട്ടുകുളത്ത് ഇന്ന് സിപിഐഎമ്മിന്റെ വിശദീകരണയോഗം നടക്കും.
സിപിഐഎം ഏരിയാ സെക്രട്ടറി അടക്കം കൗൺസിലറെ മർദ്ദിച്ചു. കലാ രാജു വന്ന കാർ തടഞ്ഞത് തട്ടിക്കൊണ്ടു പോകണം എന്ന ഉദ്ദേശത്തോടെയാണെന്നും എഫ്ഐആറിൽ പറയുന്നു.
ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളിൽ സിപിഐഎമ്മിനെതിരേ വിമർശം ശക്തമാക്കി കൗൺസിലർ കലാ രാജു രംഗത്തുവന്നിരുന്നു.
തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.ഐ.എം വാദത്തെ തള്ളിയ കലാ രാജു പാർട്ടിയുമായി ഇനി സംസാരിക്കാനില്ലെന്നും പറഞ്ഞു. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.കോണ്‍ഗ്രസ് പണം നല്കിയിട്ടുണ്ടെങ്കില് അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കലാ രാജു കൂട്ടിച്ചേർത്തു.
കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗൺസിലർ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിൽ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം. സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.