Kerala

പിണറായിയുടെ ഗുഡ് ലിസ്റ്റിലുണ്ട്, മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം ഏഴയലത്ത് പോലുമില്ല’; കെ.കെ ശൈലജ

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽ പെട്ടയാളാണ് താനെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ . അതുകൊണ്ടാണ് പാർട്ടിയിൽ വളരാനായത്. മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ല. മുഖ്യമന്ത്രിക്ക് എതിർപ്പുണ്ട് എന്നത് കെട്ടുകഥയാണെന്നും കെ.കെ ശൈലജ പറഞ്ഞു.

തന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ പ്രോത്സാഹിപ്പിക്കാറുണ്ട്. രണ്ടാം പിണറായി സഭയിൽ തന്നെ ആരും തടഞ്ഞില്ല. താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നു എന്നും കെ.കെ ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹം തൻ്റെ ഏഴയലത്ത് പോലുമില്ല. വനിതാ മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ലെന്നും ഉത്തരവാദിത്വം നിറവേറ്റാൻ കഴിവ് ഉള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടതെന്നും മുഖ്യമന്ത്രി സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യമില്ലെന്നും കെ.കെ ശൈലജ.

താൻ മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം ഒരുപാട് പേരിൽ ഉണ്ടെന്ന് കരുതുന്നില്ല. ഒന്നോ രണ്ടോ പേർ അങ്ങനെ പറഞ്ഞെന്ന് കരുതി അത് പൊതുവികാരമായി കണക്കാക്കേണ്ട. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ.കെ ശൈലജ ടീച്ചർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ശൈലജ ടീച്ചർ വെളിപ്പെടുത്തി.

തൽക്കാലം സ്ഥാനാർത്ഥിയാവാൻ ഇല്ല. കണ്ണൂരിൽ മത്സരിക്കണം എന്നുണ്ടെങ്കിൽ പാർട്ടിയുമായി ആലോചിക്കും. സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മുൻ ആരോഗ്യമന്ത്രി. നിലവിൽ എംഎൽഎയുടെ കർത്തവ്യം ഭംഗിയായി നിർവഹിക്കുക മാത്രമാണ് ലക്ഷ്യമെന്നും കെ.കെ ശൈലജ ടീച്ചർ.