KeralaTop News

പാലക്കാട് അപകടം; ‘അപകടം പതിവ്, ഇനി ഒരു ജീവൻ ഇവിടെ പോകാൻ പാടില്ല’; നാട്ടുകാരുടെ പ്രതിഷേധം

Spread the love

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ വിദ്യാർഥിനികൾ‌ മരിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. അപകടം പതിവെന്ന് നാട്ടുകാർ പറയുന്നു. പൊലീസുമായി നാട്ടുകാർ വാക്കേറ്റത്തിലേർപ്പെട്ടു. നിരന്തരം അപകടം ഉണ്ടാകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇനി ഇവിടെ ജീവൻ പൊലിയാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

റോഡിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലിക പരിഹാരം വേണ്ടയെന്നും നാട്ടുകാർ പറയുന്നു. റോഡ് പണി തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധിക്കുന്നതാണ്. എത്ര മരണം ഇവിടെ സംഭവിച്ചു. പരിഹാരം കണ്ടില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടില്ലെന്ന് നാട്ടുകാർ പറയുന്നു. പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥിനികളാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദ​ർ കെയർ ഹോസ്പിറ്റലിലുമാണ്. എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിദ്യാർഥികൾ ലോറിക്കടിയിലായിരുന്നു.

നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കുട്ടിയുടെ മുടി മുറിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം നാലു മണിയോടെ കുട്ടികൾ സ്‌കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. ലോറി നിയന്ത്രണംവിട്ട വീടിനോട് ചേർന്ന് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.