KeralaTop News

മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും

Spread the love

വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്ന് മണിയാര്‍ ജലൈവദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യകമ്പനിക്ക് തന്നെ നൽകിയേക്കും. പദ്ധതി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് KSEB സർക്കാരിന് അയച്ച കത്ത് ട്വന്റി ഫോർ പുറത്തുവിട്ടു. പദ്ധതി ഏറ്റെടുക്കണമെന്ന KSEB യുടെ ആവശ്യം ഏറ്റവും കൂടുതൽ എതിർത്തത് വ്യവസായ വകുപ്പാണ്.

വൈദ്യുതി നിരക്ക് കൂട്ടി ഒരു ഭാഗത്ത് ജനങ്ങളെ പിഴിയുമ്പോൾ മറുഭാഗത്ത് KSEB യ്ക്ക് ലഭിക്കേണ്ട നേട്ടം സർക്കാർ തട്ടിത്തെറിപ്പിക്കുകയാണ്. മണിയാർ ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ കമ്പനിയ്ക്ക് 25 വർഷത്തേയ്ക്ക് കൂടി കൂട്ടി നൽകാനാണ് സർക്കാർ തീരുമാനം. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് KSEBയും കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി കരാറിൽ എത്തുന്നത്. ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. 94 ല്‍ ഉല്‍പാദനം തുടങ്ങി. കരാർ പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍കാലം കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറണം. പദ്ധതി ഏറ്റെടുത്ത് KSEB യ്ക്ക് കൈമാറണമെന്ന് കാണിച്ച് രണ്ട് വർഷം മുൻപ് തന്നെ ഊര്‍ജവകുപ്പിന് കത്തും അയച്ചിരുന്നു.

അതേസമയം, കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് കരാർ നീട്ടി നൽകാൻ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. അന്തിമ തീരുമാനം ഒരു യോഗം കൂടി ചേർന്ന ശേഷമെ എടുക്കുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതി 2025 ജനുവരി മുതൽ ഏറ്റെടുക്കണമെങ്കിൽ 21 ദിവസം മുൻപ് നോട്ടീസ് നൽകണം. അത് നൽകിയിട്ടില്ലെന്നും അതിന് പിന്നിൽ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.