‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്
.സിജെപി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യ വക്താവ് സൗരവ് ദാസ്. അത്തരം കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും നിലവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം എന്ന ഒറ്റ ആവശ്യമാണ് ഉന്നയിക്കുന്നതെന്നും സൗരവ് ദാസ് ട്വന്റിഫോറിനോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ എട്ടുമണിക്ക് അഭിജിത്ത് ദീപ് കെ വിമാനത്താവളത്തിലെത്തും. ശേഷം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കാൻ അനുമതി തേടും. സ്വതന്ത്രമായ ഒരു മുന്നേറ്റം എന്ന നിലയിലാകും അനുമതി തേടുക. മുന്നോട്ടു നീങ്ങുമ്പോൾ സമാനമായ മറ്റു വിഷയങ്ങളും ഏറ്റെടുക്കും. പ്രതിഷേധത്തിൽ എത്രപേർ പങ്കെടുക്കുമെന്ന് അറിയില്ലെന്ന് സൗരവ് ദാസ് പറഞ്ഞു. ശനിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സിസ്റ്റത്തിലെ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം മാറ്റിയെഴുതാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് കഴിയുമെന്ന് നിയമനങ്ങൾക്ക് പിന്നാലെ സംഘടന വ്യക്തമാക്കി.
