Kerala

മുല്ലപ്പെരിയാർ: ‘കേരള സർക്കാർ ആഗ്രഹിക്കുന്നത് കോടതിയിൽ തമിഴ്നാട് ജയിക്കാൻ’, വിമര്‍ശനവുമായി റസൽ ജോയ്

Spread the love

കൊച്ചി : മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയർമാൻ അഡ്വക്കേറ്റ് റസ്സൽ ജോയ്. സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ തമിഴ് നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സൽ ജോയ് കുറ്റപ്പെടുത്തി. വിഷയത്തിൽ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുല്ലപെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും റസ്സൽ ജോയ് വ്യക്തമാക്കി.

അതേ സമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എൻജിനീയർ എസ് രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.