Kerala

23 വർഷമായി വാടക വീട്ടിൽ, കുടുംബത്തിന്റെ അവസ്ഥ പ്രത്യേകം പരി​ഗണിക്കണം’; സ്ഥലവും വീടും നൽകണമെന്ന് നിര്‍ദേശം

Spread the love

കൊച്ചി: 23 വർഷമായി വാടകവീട്ടീൽ താമസിക്കുന്ന നിർധന കുടുംബത്തിന്റെ ദുരവസ്ഥ പ്രത്യേക കേസായി പരിഗണിച്ച് ഭവനരഹിതർക്ക് നൽകുന്ന ഭൂമിയും വീടും അനുവദിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മൂത്തകുന്നം മടപ്ലാത്തുരുത്ത് വെളിയിൽ പറമ്പിൽ വീട്ടിൽ ശ്രീനിവാസൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കാനാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.

എറണാകുളം ജില്ലാ സാമൂഹികനീതി ഓഫീസർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഭാര്യയുടെ വലതു കൈക്ക് സ്വാധീനക്കുറവുള്ളതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഭിന്നശേഷിക്കാർക്കുള്ള പദ്ധതിയിൽ നിന്നും സഹായം നൽകാമെന്ന് സാമൂഹികനീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തിന്റെ കൈയിൽ ഭൂമിയില്ലാത്തതിനാൽ ഭൂരഹിത, ഭവനരഹിത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഭൂരഹിതർക്ക് സ്ഥലം വാങ്ങി നൽകാൻ നിലവിൽ പദ്ധതികളില്ല. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖേന 2.5 ലക്ഷം നൽകി ഭൂമി വാങ്ങാൻ പദ്ധതിയുണ്ടെങ്കിലും പരാതിക്കാരന് ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട് നിർമ്മാണത്തിന് ആവശ്യമായ ഭൂമി ലഭിക്കുമ്പോൾ പരാതിക്കാരന്റെ അപേക്ഷ പരിഗണിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.