Friday, December 27, 2024
Latest:
National

ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരും

Spread the love

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുന്നു. ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നാണ് വിവരം.

ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്കെന്നാണ് സൂചന.
ഷെയ്ക്ക് ഹസീന, സഹോദരി രഹാന എന്നിവർക്ക് ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുമെന്നാണ് വിവരം. അന്തിമ ധാരണയുണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകും.
രഹാനയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്.

അതിനിടെ ബംഗ്ലാദേശ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ഇന്ത്യ മുന്നണി നേതൃയോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിലുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

വിദേശകാര്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തിയ ചർച്ച വിലയിരുത്തിയ ശേഷമാകും തുടർ തീരുമാനം. സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ചർച്ച ആവശ്യത്തിൽ നിന്ന് പിന്മാറേണ്ടതില്ലെന്ന് ത്യണമുൾ കോൺഗ്രസും വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശില്‍ ഭരണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇത് അക്രമം അവസാനിപ്പിക്കേണ്ട സമയമാണെന്നും സൈനിക മേധാവി പറഞ്ഞു.