Wednesday, February 26, 2025
Latest:
Kerala

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അം​ഗീകരിച്ചു

Spread the love

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് പേരു മാറ്റം. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു.

ഇതോടെ, ഈ രണ്ടു സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ സജീവമാകും. ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് അംഗീകരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് 9 കിലോ മീറ്റർ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്‌റ്റേഷനുകൾ. സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പതിനഞ്ചോളം ട്രെയിനുകൾ നിലവിൽ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാർ ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.

കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നതിൽ ഭൂരിപക്ഷവും ദീർഘദൂര ട്രെയിനുകളാണ്. എന്നാൽ കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ല. അതിനാൽ, തിരുവനന്തപുരം സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാത്തവർ യാത്ര വേണ്ടെന്നു വെക്കുന്ന സാഹചര്യമായിരുന്നു. പേരു മാറ്റം വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിക്കാൻ വഴിയൊരുങ്ങും. നിലവിൽ ആറ് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയുള്ളത്. കോച്ച് കെയർ സെന്ററും മറ്റും ഒരുങ്ങുന്നുണ്ട്. നേമം ടെർമിനൽ വികസനത്തിനും പേരു മാറ്റം വലിയ സഹായമാകും.