Kerala

പുനർനിർമിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി

Spread the love

സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ്.അടുത്ത നാല് ദിവസം കൂടി മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയാവുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതർക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അറിയിപ്പ്

വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.

ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നംബറില്‍ ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.