Wayanad

രക്ഷകരായി വായുസേന; സാഹസികമായി ദുരന്തഭൂമിയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തു; പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നു

Spread the love

ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാകരം. രക്ഷാപ്രവർത്തനത്തിനായി വയനാട് വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അം​ഗ സംഘം അൽപ സമയത്തിനകം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിർമിച്ചു. താത്ക്കാലിക പാലം വഴിയും റോപ്പ് വഴിയും ആളുകളെ ഇക്കരെ എത്തിച്ചുവരികയാണ്.

റിസോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളെ രക്ഷിക്കുന്നതിനായി സൈന്യം പുറപ്പെട്ടതായാണ് വിവരം. ഇരുൾ വീഴുന്നതിന് മുൻപ് പരമാവധി പേരെ ഇക്കരയിൽ എത്തിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. രക്ഷാദൗത്യത്തിന് വീണ്ടും വെല്ലുവിളി സൃഷ്ടിച്ച് പ്രദേശത്ത് മഴ പെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന ഹെവി എൻജിനീയറിങ് ഉപകരണങ്ങൾ, റെസ്ക്യൂ ഡോഗ് ടീമുകൾ, എന്നിവ എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.

പുഴയ്ക്ക് കുറുകെ വടംകെട്ടി ആളുകളെ ഓരോരുത്തരെയായി സൈന്യം പുറത്തെത്തിച്ചുവരികയാണ്. നൂറിലധികം പേരാണ് രക്ഷാകരത്തിനായി കാത്തുനിൽക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ തുണികൊണ്ട് പൊതിഞ്ഞ് കൂടകളിലാക്കി രക്ഷാപ്രവർത്തകർ അതെടുത്ത് അതീവശ്രദ്ധയോടെ റോപ്പിലൂടെ സുരക്ഷിത സ്ഥാനത്തെത്തുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം ഉരുൾപൊട്ടലിൽ മരണം 93 ആയി. ദൗത്യത്തിന് ഡിങ്കി ബോട്ട് കൂടി ഇറക്കാൻ ശ്രമം നടക്കുകയാണ്.