പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും, മമത പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സഖ്യത്തിനൊപ്പുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാനുള്ള ‘വികസിത ഭാരതം @ 2047’ രേഖ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ 30 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദര്‍ശന രേഖയും യോഗം തയാറാക്കും.
ജൂലൈ 23 ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പൊതു അഭിപ്രായം. യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മാത്രം വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത് ചർച്ചയായിട്ടുണ്ട്. തന്‍റെയും അഭിപ്രായം ബജറ്റിൽ കടുത്ത വിവേചനമാണെന്ന് വ്യക്തമാക്കിയ മമത, പക്ഷേ നീതി ആയോഗിൽ പങ്കെടുക്കുന്നത് നേരത്തെ തീരുമാനിച്ചതിനാലാണെന്നും വിവരിച്ചു.