National

ഷിരൂരിലെ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; തിരച്ചിലിന്റെ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും

Spread the love

കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തിരച്ചിലും വിഫലമായി. അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നദിയിലെ ശക്തമായ കുത്തൊഴുക്ക് ഉള്‍പ്പെടെ കാലാവസ്ഥ ഉയര്‍ത്തുന്ന പലവിധ വെല്ലുവിളികള്‍ പരിഗണിച്ചാണ് ഇന്നത്തെ തിരച്ചില്‍ ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. ഡ്രോണ്‍ പരിശോധന ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള പരിശോധനകളും അവസാനിപ്പിച്ചു. അതേസമയം ഷിരൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ദൗത്യസംഘം കളക്ടര്‍ക്ക് കൈമാറും.

കരസേന, നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഉടന്‍ സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡൈവേഴ്‌സിന് പരിശോധന നടത്താനാകാത്ത സ്ഥിതിയാണ്. ഗംഗാവലിപ്പുഴയില്‍ ശക്തമായ അടിയൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പുഴയില്‍ 6.8 നോട്ട്‌സിന് മുകളിലാണ് ഒഴുക്ക്. മണിക്കൂറില്‍ 13കിലോമീറ്റര്‍ വേഗത്തില്‍ ജലപ്രവാഹവും ഉള്ളതിനാലാണ് രക്ഷാദൗത്യം തുടരാന്‍ സാധിക്കാത്തത്.

ഷിരൂരിലെ മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്. തെരച്ചിലിനായി പുതിയ രീതികള്‍ കൂടി സ്വീകരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാലാവസ്ഥ അനുകൂലമാകണമെന്നും മന്ത്രി റിയാസ് ഷിരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാദൗത്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോശം കാലാവസ്ഥയിലും തുടരാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയും പുതിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുവരുന്നത് ആലോചിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തെരച്ചില്‍ നടത്തേണ്ട സ്ഥലം കൃത്യമായി ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ വിശദീകരിച്ചു. ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി.