നീറ്റ് ക്രമക്കേട് പട്നയിൽ മാത്രമെന്ന് കേന്ദ്രമന്ത്രി; പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയെന്ന് രാഹുൽ ഗാന്ധി
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ലോക് സഭയില്‍ ഭരണപ്രതിപക്ഷ പോര്. രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചക്ക് തെളിവില്ലെന്നും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ മാത്രം മറുപടി പറയാനേ സര്‍ക്കാരിന് ബാധ്യതയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു. പ്രതിലോമ രാഷ്ട്രീയം കളിക്കുന്ന ചില കക്ഷികള്‍ പാര്‍ലമെന്‍റിന്‍റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി വിമര്‍ശിച്ചു.
നീറ്റ് വിവാദം പുകയുമ്പോള്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ഒരു തെളിവുമില്ലെന്നാണ് ചോദ്യോത്തര വേളയില്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രതിരോധമുയര്‍ത്തിയത്. നീറ്റ് പരീക്ഷക്കെതിരായ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഒന്നും മറച്ചു വയക്കാനില്ലെന്ന് പറഞ്ഞ മന്ത്രി കേന്ദ്രത്തിന്‍റെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മന്ത്രിയുടെ വാദം തള്ളിയ രാഹുല്‍ ഗാന്ധി പണം ഉള്ളവന് പരീക്ഷ ജയിക്കാമെന്ന നിലയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമെത്തിയെന്ന് കുറ്റപ്പെടുത്തി.
രാഹുലിന്‍റെ വാക്കുകളില്‍ പ്രകോപിതനായ മന്ത്രി റിമോട്ട് കണ്‍ട്രോള്‍ സര്‍ക്കാരിന്‍റെ കാലത്ത് ക്രമക്കേട് തടയാന്‍ കൊണ്ടുവന്ന ബില്ല് മെഡിക്കല്‍ കോളേജുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍വലിച്ചുവെന്ന് ആരോപിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ കാലത്ത് കപില്‍ സിബല്‍ അവതരിപ്പിച്ച ബില്ലുകള്‍ എവിടെയെന്നും മന്ത്രി ചോദിച്ചു.
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മോദി റെക്കോര്‍ഡിട്ടെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. നീറ്റ് ക്രമക്കേടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പ്രതിഷേധം ശക്തമാകുമ്പോള്‍ സാഹചര്യം മുന്‍കൂട്ടി കണ്ട പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പരാജയം മറയ്ക്കാന്‍ ബഹളം വയ്ക്കുകയാണെന്നും വൈരാഗ്യം മറന്ന് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നീറ്റ്, കന്‍വാര്‍ യാത്രയടക്കം വിഷയങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
അതേ സമയം നീറ്റ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നുവെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ഇനിയും വന്നിട്ടില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ഹര്‍ജിക്കാര്‍ ഇത് ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കോടതി പരിശോധിക്കുന്നത്. ആദ്യത്തേത് എപ്പോഴാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന കാര്യമാണ്. നാലാം തീയതിക്ക് മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു.
മൂന്നാം തീയതി രാത്രി തന്നെ ചോദ്യപേപ്പര്‍ ലഭിച്ചതായി ചില ആളുകളുടെ മൊഴിയില്‍ കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ പരീക്ഷക്ക് ഒരു ദിവസം മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന സൂചനയാണ് ലഭിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 5ാം തീയതി രാവിലെയാണ് ഇത് ചോര്‍ന്നതെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഒരു ദിവസം മുന്‍പ് ചോര്‍ച്ച നടന്നു എന്നകാര്യം സമ്മതിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാകുന്നില്ല. അക്കാര്യത്തില്‍ സംശയമുണ്ടെന്നും എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നുമാണ് കോടതി പറയുന്നത്.
രണ്ടാമത്തേത് വ്യാപകമായ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. ഹസാരിബാഗിലും ബീഹാറിലും മാത്രം നടന്നതായിട്ടാണ് ഇപ്പോള്‍ വിവരം പുറത്തുവരുന്നത്. ഇതില്‍ കൂടുതലുണ്ടോ എന്ന കാര്യം ഹര്‍ജിക്കാര്‍ ബോധ്യപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുന്നു. ഒരു ദിവസം മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് തെളിഞ്ഞാല്‍ പോലും അത് ഒരു സ്ഥലത്ത് മാത്രമാണ് ഒതുങ്ങുന്നത് എങ്കില്‍ റീ ടെസ്റ്റിന്‍റെ ആവശ്യമില്ല. അതല്ല, കൂടുതല്‍ സ്ഥലങ്ങളില്‍ ചോദ്യപേപ്പര്‍ എത്തി എന്ന കാര്യം തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയണം എന്ന നിര്‍ദേശമാണ് ചീഫ് ജസ്റ്റീസ് നല്‍കുന്നത്.