കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍: കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമെന്ന് സൂചന
കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന് സൂചന. കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ജുന്‍ ഓടിച്ച ലോറി മണ്ണിനടിയില്‍പ്പെട്ടതായി ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. തുടര്‍ച്ചയായി അര്‍ജുനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ പറഞ്ഞു.
അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഈ പരാതിയുടെ കൂടി അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. തൊട്ടടുത്തുള്ള പുഴയില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിവരികയാണ്. എന്‍ടിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ തെരച്ചില്‍ നടത്തിവരികയാണ്. അര്‍ജുന്റെ ചില ബന്ധുക്കള്‍ കര്‍ണാടകയിലുണ്ട്. ഇവരാണ് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങള്‍ മാത്രമേ മണ്ണിടിച്ചിലില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്. ഈ തെരച്ചിലിലാണ് നാലുമൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നത്.