National

രമേഷ് ബിധൂരിയ്ക്ക് പുതിയ സംഘടനാ ചുമതല നല്‍കി BJP; വിദ്വേഷം പടര്‍ത്തിയതിന്റെ പ്രതിഫലമെന്ന് പ്രതിപക്ഷം

Spread the love

ലോക്‌സഭയില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എംപി രമേഷ് ബിധൂരിയ്ക്ക് പുതിയ ചുമതല നല്‍കി പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ടോങ്ക് ജില്ലയുടെ ചുമതലയാണ് നല്‍കിയത്. ബി.എസ്.പി എംപി ഡാനിഷ് അലിക്കെതിരെയാണ് ബിധൂരി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബിധൂരിയ്ക്ക് ബിജെപി പുതിയ ചുമതല നല്‍കിയത്.

കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ബിജെപി ബിധുരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പകരം പുതിയ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ നടപടിയില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. വിദ്വേഷം പടര്‍ത്തിയതിന്റെ പ്രതിഫലമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

29.25 മുസ്ലിം ജനസംഖ്യയുള്ള ടോങ്കില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന് ആ ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നതെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ ആരോപിച്ചു. ബിധൂരി ഗുജ്ജര്‍ സമുദായത്തില്‍ നിന്നുള്ളയാളാണ് ജില്ലയിലെ നാല് സീറ്റുകളില്‍ വോട്ട് പിടിക്കാന്‍ ബി.ജെ .പി ബിധൂരിയെ രംഗത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ മണ്ഡലം കൂടിയാണ് ടോങ്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര തുടങ്ങിയ നേതാക്കളും ബിജെപി നടപടിക്കെതിരെ രംഗത്തെത്തി.