ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടി മുക്കിലാണ് അച്ഛനും മക്കളും ചേർന്ന് ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോർട്ടിലായിരുന്നു ഹോട്ടലിലായിരുന്നു സംഭവം. സ്ത്രീകൾ അടക്കം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തുകയായിരുന്ന നെട്ടയം സ്വദേശി രമേശൻ അസഭ്യം പറഞ്ഞത്. ഇത് ജീവനക്കാരനായ അജി ചോദ്യം ചെയ്തു. എന്നാൽ വീണ്ടും പ്രകോപനം തുടർന്നതോടെ രമേശനെ കടയിൽ നിന്ന് തള്ളിമാറ്റി. ഇതോടെയാണ് രമേശന്‍റെ മക്കൾ അടക്കം അഞ്ചംഗ സംഘം സ്ഥലത്തെത്തി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ രമേശനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രമേശന്‍റെ മക്കളും ബന്ധുക്കളുമാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്തവർ. ഇവരെ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മർദ്ദനത്തിൽ ഹോട്ടൽ ജീവനക്കാരനായ അജിക്ക് തലയിലും മുഖത്തും വാരിയെല്ലിലും പരുക്കേറ്റിട്ടുണ്ട്. പ്രതികൾ നേരത്തെയും വധശ്രമ കേസിലടക്കം പ്രതിയാണെന്നും പൊലീസ് പറഞ്ഞു