National

ക്ഷേത്രത്തിലെ 228 കിലോ സ്വർണം കാണാനില്ലെന്ന സ്വാമിയുടെ ആരോപണം; മറുപടിയുമായി കേദാർനാഥ് ക്ഷേത്രം ട്രസ്റ്റ്

Spread the love

ദില്ലി: പ്രശസ്തമായ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് 228 കിലോഗ്രാം സ്വർണം മോഷണം പോയെന്ന ജ്യോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദിൻ്റെ ആരോപണത്തിന് മറുപടിയുമായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്. സ്വാമി അവിമുക്തേശ്വരാനന്ദിൻ്റെ പ്രസ്താവനകൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തെളിവ് കാണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

കേദാർനാഥ് ധാമിലെ സ്വർണം കാണാതായെന്ന സ്വാമി അവിമുക്തേശ്വരാനന്ദിന്റെ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്, വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും അജയ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് പകരം സ്വാമി അവിമുക്തേശ്വരാനന്ദ് കോമ്പീറ്റൻ്റ് അതോറിറ്റിയെ സമീപിച്ച് അന്വേഷണം ആവശ്യപ്പെടണമെന്നും തെളിവുണ്ടെങ്കിൽ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോയി ഹർജി നൽകാമെന്നും അജേന്ദ്ര അജയ് പറഞ്ഞു. കേദാർനാഥ് ധാമിൻ്റെ മഹത്വത്തിന് ഭം​ഗം വരുക്കാനാണ് ശ്രമം, സ്വാമി അവിമുക്തേശ്വരാനന്ദിന് രാഷ്ട്രീയ അജണ്ടയുണ്ടെങ്കിൽ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേദാർനാഥിൽ നിന്ന് 228 കിലോ സ്വർണം കാണാതായതായിതിങ്കളാഴ്ച സ്വാമി അവിമുക്തേശ്വരാനന്ദ് ആരോപിച്ചിരുന്നു. കേദാർനാഥിൽ സ്വർണ്ണ കുംഭകോണം നടക്കുന്നു. എന്തുകൊണ്ട് ആ വിഷയം ഉന്നയിക്കുന്നില്ല. അവിടെ ഒരു അഴിമതി നടത്തി. ദില്ലിയിൽ മറ്റൊരു ക്ഷേത്രം പണിയാനാണ് ശ്രമം, കേദാർനാഥിൽ നിന്ന് 228 കിലോ സ്വർണം കാണാതായതിൽ അന്വേഷണമില്ല. ആരാണ് ഇതിന് ഉത്തരവാദികളെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് ചോദിച്ചു. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കമ്മീഷണറോട് ഉന്നയിച്ചിരുന്നെങ്കിലും അദ്ദേഹം കേസ് ശരിയായി അന്വേഷിച്ചില്ലെന്നും ശങ്കരാചാര്യ ആരോപിച്ചു. നേരത്തെ, 320 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. പിന്നീട് അത് 228 ആയി കുറഞ്ഞു. പിന്നീട് 27 കിലോയിലെത്തിയെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു.