ആമയിഴഞ്ചാൻ തോട് അപകടം: ‘റെയിൽവേക്കെതിരെ നടപടി ഉണ്ടാകും; മരണത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്ക്’; വി ശിവൻകുട്ടി
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേക്കെതിരെയും റെയിൽവേ ശുചീകരണം ഏൽപ്പിച്ച കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണെന്ന മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റിൽ ചർച്ചയാകുമെന്ന് മന്ത്രി വ്യക്തമാക്കി.
റെയിൽവേയുടെ സഹകരണമുണ്ടാകുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ഇന്നലെയും ഡിആർ എമ്മുമായി സംസാരിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ലേബർ കമ്മീഷണർക്കും നഷ്ടപരിഹാരം സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയിൽവേ ഇതുവരെ നഷ്ടപരിഹാരത്തെ സംബന്ധിച്ച് സംസാരിച്ചിട്ടില്ല. റെയിൽവേയ്ക്ക് ഇതുവരെയും സംഭവത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അപകടം നടന്നത് റെയിൽവേ ഭൂമിയിലാണ്. ജോയി തൊഴിലെടുത്ത് തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് തൊഴിലെടുത്തിരുന്നത്. ഇത് അടക്കം സൂചിപ്പിച്ച് ലേബർ കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷൻ തകർക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു.