Kerala

കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതം; സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

Spread the love

വയനാട്: കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതത്തിലാകുന്നവരാണ് വയനാട്ടിലെ നൂല്‍പ്പുഴ പുത്തൂർ കോളനിക്കാർ. തമിഴ്നാട്ടിലെ ദേവാലയില്‍ പെയ്യുന്ന മഴയും നൂല്‍പ്പുഴ കവിയാൻ കാരണമാകുന്നതാണ് ഇവരുടെ ദുരിതത്തിന് കാരണം. സുരക്ഷിതമായ സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ഇവിടെയുള്ള കുടുംബങ്ങളുടെ ആവശ്യം.

ആറ് കുടുംബങ്ങളിലായി 23 പേരാണ് നൂല്‍പ്പുഴ പുത്തൂർ കോളനിയില്‍ താമസിക്കുന്നത്. മഴക്കാലമായാല്‍ പിന്നെ ഇവർക്ക് ദുരിത ജീവിതമാണ്. വയനാട്ടില്‍ മഴ പെയ്താലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയില്‍ മഴ പെയ്താലും വെള്ളം ഒഴുകി നൂല്‍പ്പുഴയില്‍ എത്തും. പുഴ കരവിഞ്ഞൊഴുകി വീടുകളിലേക്ക് കയറുന്നതോടെ എല്ലാമെടുത്ത് ക്യാംപുകളിലേക്ക് മാറണം. വ‍ർഷങ്ങളായി ഇത് തന്നെ അവസ്ഥ. രാത്രി കാലങ്ങളില്‍ മഴ പെയ്താല്‍ പിന്നെ എല്ലാവരുടെയും മനസ്സില്‍ ആധിയാണ്. എപ്പോഴാണ് വെള്ളം കയറുകയെന്ന് അറിയില്ല.

ഈ വർഷം തന്നെ ഇത് രണ്ട് തവണ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സമീപത്തെ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. ഒരു തവണ രാത്രിയിലും രണ്ടാം തവണ പുലർച്ചെയുമാണ് കുടുംബങ്ങൾ കുട്ടികളും കൈയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ട് ക്യാമ്പില്‍ അഭയം തേടിയത്. വെള്ളം കയറി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. പലതും ഉപയോഗിക്കാൻ കഴിയാത്ത രീതിയില്‍ നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ ചെളി കയറി. വെള്ളം കയറി നശിച്ച വീട് വൃത്തിയാക്കി എടുക്കാൻ തന്നെ ദിവസങ്ങള്‍ എടുക്കുമെന്നതാണ് സ്ഥിതി. തങ്ങളെ പുനരധിവിസിപ്പിക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചിട്ടും അധികൃതരാരും ഇതുവരെ പരിഹാരത്തിനെത്തിയിട്ടില്ല.