National

ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകള്‍ പുറത്ത്, 13 സീറ്റുകളില്‍ 11ലും ഇന്ത്യ സഖ്യം മുന്നിൽ

Spread the love

ദില്ലി:ഏഴു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചന പുറത്തുവന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ്.

മധ്യപ്രദേശിലെ ഒരു സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിൽ.ഹിമാചൽ പ്രദേശിൽ ഒരിടത്ത് ബി.ജെ.പിയാണ് മുന്നിൽ. ഹിമാചൽ പ്രദേശിലെ ദെഹ്രയിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് താക്കൂറിന്റെ ലീഡ് ആറായിരം കടന്നു.

പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥിയുടെ ലീഡ് കാൽ ലക്ഷം കടന്നു. പശ്ചിമ ബം​ഗാളിലെ മണിക്തലയിൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ പതിനൊന്നായിരത്തിലധികം വോട്ടിന് പിന്നിലാണ്. പശ്ചിമ ബംഗാളില്‍ മൂന്നിടത്ത് ടിഎംസിയാണ് മുന്നില്‍. ഉത്തരാഖണ്ഡിൽ രണ്ട് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിഹാറിൽ ഒരിടത്ത് ജെഡിയുവും മുന്നേറുന്നു.രാവിലെ 11 മണി വരെയുള്ള ഫലസൂചനയാണ് പുറത്ത് വന്നത്. തമിഴ്നാട്ടിലെ വിക്രംമാണ്ടിയിൽ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.