World

ഇന്ത്യ-റഷ്യ ചർച്ചകളിലെ അമേരിക്കൻ അതൃപ്തി, മുന്നറിയിപ്പ്; പ്രതികരിക്കാതെ ഇന്ത്യ

Spread the love

ദില്ലി : ഇന്ത്യ-റഷ്യ ചർച്ചകളിൽ അമേരിക്ക നൽകിയ മുന്നറിയിപ്പിനോട് പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അമേരിക്കയുമായുളള ബന്ധത്തെ ലളിതമായി കാണരുതെന്നുമാണ് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി ഇന്നലെ മുന്നറിയിപ്പ് നൽകിയത്. സംഘർഷ സമയത്ത് തന്ത്രപ്രധാന നിഷ്പക്ഷത എന്നൊന്നില്ല. യുദ്ധത്തിനെതിരെ ശക്തമായ നിലപാടാണ് ആവശ്യമെന്നും ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ലെന്നും അമേരിക്കൻ അംബാസഡർ അഭിപ്രായപ്പെട്ടിരുന്നു

നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടു മുമ്പ് റഷ്യയിലെത്തി പുടിനെ ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ച മോദിയുടെ നീക്കത്തിൽ അമേരിക്കയ്ക്ക് കടുത്ത നീരസമുണ്ടെന്ന സൂചനയാണ് ഈ അഭിപ്രായപ്രകടത്തോടെ പുറത്തു വന്നത്.

മോദിയുടെ റഷ്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. പിന്നാലെ നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഷ്യയിലെത്തി മോദി പുടിനെ ആലിംഗനം ചെയ്തത്, സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി തുറന്നടിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വൻ കുറ്റവാളിയെയാണ് ആലിംഗനം ചെയ്തുവെന്നും സെലൻസ്കി കുറ്റപ്പെടുത്തി. പിന്നാലെ റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും സംഘർഷം തീർക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ടുവെന്നും മോദി പരസ്യമായി പറഞ്ഞു