National

ബിഎസ്‌പി തമിഴ്നാട് അധ്യക്ഷനെ വധിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മായാവതി

Spread the love

തമിഴ്നാട്ടിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പാർട്ടി ദേശീയ അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ഈ സംഭവം ഗൗരവമായിി പരിഗണക്കുന്നില്ലെന്നും സംസ്ഥാനത്തെ നിയമവ്യവസ്ഥിതി താറുമാറായെന്നും മായാവതി ആരോപിച്ചു. മായാവതിയും അനന്തിരവനും ബിഎസ്‌പി ദേശീയ കോർഡിനേറ്ററുമായ ആകാശ് ആനന്ദും ചെന്നൈയിൽ ആംസ്ട്രോങ്ങിൻ്റെ വീട്ടിൽ സന്ദർശനം നടത്താൻ എത്തുകയും പാർട്ടി പ്രവർത്തകരുമായി അഭിസംബോധന നടത്തുകയും ചെയ്തു. ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

സർക്കാർ ആംസ്ട്രോങ്ങിൻ്റെ മരണത്തെ ഗൗരവമായി പരിഗണിക്കുന്നില്ല. കേസന്വേഷണം സിബിഐക്ക് നൽകാൻ തയ്യാറായില്ലെങ്കിൽ അതിനർഥം അവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണെന്നും മായാവതി ആരോപിച്ചു. സംസ്ഥാനത്തെ ഒരു ദളിത് നേതാവിനെ അതും പാർട്ടി അധ്യക്ഷനെ വെട്ടിക്കൊല്ലാമെങ്കിൽ സാധാരണക്കാരായ ദളിതരുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിച്ചു. ഇത് ഒരു ദളിത് നേതാവിൻ്റെ മരണത്തെക്കുറിച്ച് മാത്രം സംബന്ധിക്കുന്ന വിഷയമല്ല. മുഴുവൻ ദളിതരെയും അവരുടെ നേതാക്കളുടെയും ജീവനെ ബാധിക്കുന്ന വിഷയമാണ്. ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ പകരം ചോദിക്കാൻ നിയമം കയ്യിലെടുത്ത് തെരുവിലിറങ്ങാതെ നിയമത്തിൻ്റെ വഴിക്കു മാത്രം മുന്നോട്ട് പോകണം. നമ്മളെപ്പോലെ സമൂഹത്തിലെ ദുർബലരായ മനുഷ്യർ നിയമം കയ്യിലെടുക്കുന്നവരല്ല നിയമം അനുസരിക്കുന്നവരാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മായാവതി പറഞ്ഞു.

ജൂലൈ അഞ്ചിനാണ് ഫുഡ് ഡെലിവറി ചെയ്യുന്നവരെന്ന വ്യാജേന ബൈക്കിലെത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ഫോൺ സിഗ്നലിൻ്റെയും സഹായത്തോടെ സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ തന്നെ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് പറഞ്ഞു. പ്രതികളിലൊരാളായ പൊന്നൈ ബാലുവിൻ്റെ സഹോദരനും ഒട്ടേറെ കേസുകളിലെ പ്രതിയുമായ ആർക്കോട്ട് സുരേഷ് 2023ൽ കൊല്ലപ്പെട്ടിരുന്നു. സഹോദരൻ്റെ മരണത്തിൽ ആംസ്ട്രോങ്ങിന് പങ്കുണ്ടായിരുന്നെന്ന് പൊന്നൈ ബാലു ആരോപിച്ചിരുന്നു. അതിൻ്റെ പ്രതികാരമായി പൊന്നൈ ബാലുവും സംഘവും ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പ്രാഥമിക വിവരം.