Kerala

ബിനോയ് വിശ്വം പറഞ്ഞതിൽ വസ്തുതയില്ല, ആത്മപരിശോധന നടത്തണം’: എ.എ.റഹിം

Spread the love

എസ്.എഫ്.ഐയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ. ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതാണോ എന്ന് ആത്മപരിശോധന നടത്തണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം. പറഞ്ഞതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് ബിനോയ് വിശ്വം മനസിലാക്കണം. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി ബിനോയ് വിശ്വം തിരിച്ചറിയണമെന്നും എ.എ.റഹിം പറഞ്ഞു

വസ്തുതാപരവും ക്രിയാത്മകവുമായി വേണം അഭിപ്രായം പറയേണ്ടത്. എസ്.എഫ്.ഐക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പിശകുകളുണ്ടായാല്‍ അതിനെ പര്‍വതീകരിക്കുകയാണ് ചെയ്യുന്നതെന്നും എ.എ.റഹിം പറഞ്ഞു.

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വം എസ്.എഫ്.ഐയെ വിമര്‍ശിച്ചത്. എസ്.എഫ്.ഐ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷ ഐക്യം തകരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ പിന്തുണക്ക് പിന്നാലെ എസ്എഫ്ഐയെ രൂക്ഷമായാണ് ഇന്നലെ ബിനോയ് വിശ്വം വിമർശിച്ചത്. എസ്എഫ്ഐയുടേത് പ്രാകൃത സംസ്കാരമാണെന്നും തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ ബാധ്യതയാകുമെന്നുള്ള വിമർശനത്തിനെതിരെ സംഘടനാ ചുമതലയുള്ള എകെ ബാലൻ രംഗത്ത് വന്നു. ആര്‍ക്കും കൊട്ടാൻ പാകത്തിൽ വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ എന്ന് പറഞ്ഞ ബാലന് പിന്നാലെ, സിപിഐഎം സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വത്തെ തള്ളി.

എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതികരണത്തിൽ വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്ത് വന്നു. വലതുപക്ഷ അജണ്ടകൾക്ക് തലവയ്ക്കുന്ന തരത്തിൽ ഉത്തവാദിത്തപ്പെട്ടവര്‍ പെരുമാറരുതെന്നാണ് ബിനോയ് വിശ്വത്തിന് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ നടപടി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന പാര്‍ട്ടി യോഗങ്ങളിൽ അടക്കം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിമര്‍ശന വിധേയമാകുന്നതിനിടെയാണ് സിപിഐഎം-സിപിഐ തർക്കവും ഉടലെടുക്കുന്നത്.