Kerala

കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷം: എംഎൽഎയ്ക്ക് മര്‍ദ്ദനം; ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ

Spread the love

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ അക്രമത്തെ ചൊല്ലി അര്‍ധരാത്രി നാടകീയ രംഗങ്ങളാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. അര്‍ധരാത്രി കെഎസ്‌യു നടത്തിയ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംഘർഷം ഉണ്ടായി. സ്ഥലത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. സമരത്തിനെത്തിയ എം.വിൻസെന്റ് എംഎൽഎയെ പൊലീസിന് മുന്നിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു.

കെഎസ് യു തിരുവന്തപുരം ജില്ലാ ജനറല് സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ്റെ വാതിൽക്കലായിരുന്നു ഉപരോധം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ആവശ്യം.

കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തി. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പരസ്പരം പോര്‍വിളി തുടങ്ങി. ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തി. കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി.

സംഘര്‍ഷം കൈവിട്ട് പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റൻ്റ് കമീഷണറും ക്രൈം ഡിറ്റാച്ചമെന്റ് അസിസ്റ്റൻ്റ് കമ്മീഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.