World

‘നൂറിലേറെ കഷ്ണങ്ങളായി ചിതറി, യാത്രികര്‍ ഭയന്നുവിറച്ചു’; ബഹിരാകാശ നിലയത്തിനരികെ റഷ്യൻ ഉപ​ഗ്രഹം പൊട്ടിത്തെറിച്ചു

Spread the love

വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തിനു (ഐഎസ്എസ്) സമീപത്തുള്ള ഭ്രമണപഥത്തിൽ ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്–പി1 എന്ന ഉപ​ഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയെന്ന് നാസ അറിയിച്ചു. പൊട്ടിത്തെറിച്ച റഷ്യൻ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിരുന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂർത്തിയാക്കുമ്പോൾ നിർവീര്യമാക്കി തകർക്കേണ്ട ചുമതല ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് കമ്പനിക്ക് കരാർ നൽകി നാസ. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു വീഴ്ത്താനുള്ള പേടകം നിർമിച്ചായിരിക്കും ഐഎസ്എസ് തകർക്കുക.

അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് ഇതു വേണ്ടിവരിക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കിസമുദ്രത്തിൽ വീഴ്ത്തും. അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.