Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ‘സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു’; രാഹുലിനെ പൊലീസ്‌

Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചെന്ന വാദം അവിശ്വസനീയമെന്നും പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ എത്തിയത് ഗുരുതര പരുക്കുകളോടെയാണെന്നും പൊലീസ്.

മെഡിക്കൽ പരിശോധനയിലും സാക്ഷി മൊഴികളിലും രാഹുലിൽ നിന്ന് പരുക്കേറ്റതെന്ന് വ്യക്തമാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. യുവതി പരാതിയില്ലെന്ന് പറയുന്നത് ഭീഷണി കൊണ്ടാകാമെന്ന് പൊലീസ് പറയുന്നു. എഫ്‌ഐആർ തള്ളണമെന്ന രാഹുലിന്റെ ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

രാഹുലിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ സത്യവാങ്മൂലം അം​ഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി നൽകി. പരാതി പിൻവലിച്ചെന്ന യുവതിയുടെ സത്യവാങ്മൂലം കോടതിയിൽ ഹാജരാക്കി.യുവതിയുമായി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പിലെത്തിയെന്നാണ് ഹർജിയിൽ പ്രതി വ്യക്തമാക്കിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു.