National

‘അഹങ്കാരികളെ ശ്രീരാമൻ 240ൽ ഒതുക്കി’; ബിജെപിക്കെതിരെ ആർഎസ്എസിന്റെ ഒളിയമ്പ്

Spread the love

ജയ്പുർ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് ഉന്നത നേതാവ്. അഹങ്കാരം ബാധിച്ചവരെ ശ്രീരാമൻ 240 സീറ്റിൽ ഒതുക്കിയെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ. ബിജെപിയുടെ പേരു പരാമർശിക്കാതെയായിരുന്നു വിമർശനം. ശ്രീരാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.

രാമനെ ആരാധിച്ചിരുന്നവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടി ഇന്ന് ഏറ്റവും വലിയ പാർട്ടിയാണെങ്കിലും രാമൻ അവരെ 240 ൽ ഒതുക്കി. രാമനിൽ വിശ്വാസമില്ലാത്തവരെല്ലാം ഒന്നിച്ചുചേർന്നെങ്കിലും അവരെ 234 ൽ ഒതുക്കിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരുന്നു. മഹാരാഷ്ട്രയിലേറ്റ കനത്ത തോൽവിക്ക് കാരണം എൻസിപി (അജിത് പവാർ വിഭാ​ഗം)യുമായുള്ള കൂട്ടുകെട്ടാണെന്നും ആർഎസ്എസ് മുഖപത്രം ഓർ​ഗനൈസർ വിമർശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടിയേറ്റിരുന്നു. ഉത്തർപ്രദേശിലടക്കം കനത്ത സീറ്റ് നഷ്ടം നേരിട്ട ബിജെപി 240 സീറ്റിൽ ഒതുങ്ങി. ജെഡിയു, ടിഡിപി പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. അയോധ്യ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലടക്കം കനത്ത തോൽവിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്.