National

നീറ്റ് പരീക്ഷ ഒഴിവാക്കാൻ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്രത്തെ ഉപദേശിക്കണം: സ്റ്റാലിൻ

Spread the love

ചെന്നൈ: മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പരാമ‍ർശം. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി. നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാർലമെന്‍റിൽ ഉന്നയിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ഡിഎംകെയുടെ രാജ്യസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

പാർലമെന്‍റ് സമുച്ചയത്തിന്‍റെ സുരക്ഷയ്ക്കായി പാർലമെന്‍റ് സെക്യൂരിറ്റി സർവീസിന് (പിഎസ്എസ്) പകരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ മറ്റൊരു പ്രമേയത്തിൽ അപലപിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടേതാണ് പാർലമെന്‍റ്.

പൊതുസ്ഥലങ്ങളിലെയും പാർലമെന്‍റിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ തമ്മിൽ വലിയ അന്തരമുണ്ട്. പാർലമെന്‍റിലെ നിലവിലെ അംഗങ്ങളെയും മുൻ അംഗങ്ങളെയും തിരിച്ചറിയാനും ഇടപെടാനും പിഎസ്എസിന് പരിശീലനം ലഭിച്ചിട്ടുണ്ട്. ചുമതല സിഐഎസ്എഫിന് കൈമാറുന്നത് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.