National

ധർമ്മപുരി മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവിന് ജാമ്യം

Spread the love

മയിലാടുതുറൈ: ധർമ്മപുരി മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ബിജെപി മയിലാടുതുറൈ ജില്ലാ പ്രസിഡന്‍റ് കെ. അഗോറമിന് ജാമ്യം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ തന്നെ അന്യായമായി അറസ്റ്റ് ചെയ്തതാണെന്ന് അഗോറം ആരോപിക്കുന്നത്. കേസിൽ ആഴ്ചകളോളം ഒളിവിൽ പോയ അഗോറമിനെ മഹാരാഷ്ട്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മാസത്തിലാണ് മഠാധിപതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നതായി പരാതി കിട്ടിയത്.

മഠാധിപതിയുടെ അശ്ലീല വീഡിയോകളും ശബ്ദ സന്ദേശവും പുറത്ത് വിടുമെന്ന് ബ്ലാക്ക് മെയിൽ ചെയ്തായിരുന്നു പണം തട്ടാൻ ശ്രമം നടന്നത്. ബിജെപിയുടെ മയിലാടുംതുറൈ പ്രസിഡന്റായിരുന്ന അഗോറമാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പൊലീസ് വിശദമാക്കുന്നത്.

നേരത്തെ ഏപ്രിൽ മാസത്തിൽ മദ്രാസ് ഹൈക്കോടതി അഗോറമിന് ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാലും കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാവാനും ഉള്ളതിനാലാണ് ഏപ്രിൽ മാസത്തിൽ കോടതി ജാമ്യം നിഷേധിച്ചത്. കുറ്റകരമായ ഗൂഡാലോചന, പണം തട്ടൽ, തടഞ്ഞ വക്കൽ അടക്കമുള്ള വകുപ്പുകളാണ് അഗോറമിനെതിരെ ചുമത്തിയിരുന്നത്.