National

രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ഫഡ്നാവിസ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപനം

Spread the love

മുംബൈ: ലോക് സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താൻ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്. മഹാവികാസ് അഘാഡിയ്ക്ക് സഹതാപ വോട്ടുകൾ ലഭിച്ചെന്നും അതാണ് ബി ജെ പി സഖ്യത്തിന് തിരിച്ചടിയായതെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഫഡ്നാവിസ് രാജി തീരുമാനം അറിയിച്ചത്.
അതേസമയം ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ അഭിപ്രായപ്പെട്ടു. അത്തരമൊരു തീരുമാനം പാർട്ടി അംഗീകരിക്കില്ല. തോൽവിയുടെ ഉത്തരവാദിത്വം മാത്രമാണ് ഫഡ്നാവിസ് ഏറ്റെടുത്തതെന്നും മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഫഡ്നാവിസ് തുടരുമെന്നും ഗിരീഷ് മഹാജൻ കൂട്ടിച്ചേർത്തു.

അതേസമയം ഫഡ്നാവിസിന്‍റെ രാജി പ്രഖ്യാപനത്തിൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടത്. അത്തരം തീരുമാനങ്ങളെല്ലാം ബി ജെ പിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ബി ജെ പിയുടെ വിജയത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്തെങ്കിൽ തോൽവിയുടെ ഉത്തരവാദിത്വവും ഫഡ്നാവിസിനാണെന്നാണ് എൻ സി പി പ്രതികരിച്ചത്. സംസ്ഥാന ബി ജെ പി മാത്രമല്ല കേന്ദ്ര ബി ജെ പി നേതൃത്വവും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കൂടിയായ എൻ സി പി നേതാവ് വിജയ് വഡേത്തിവാർ അഭിപ്രായപ്പെട്ടു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തരുതെന്നാണ് ഉദ്ദവ് വിഭാഗം ശിവസേന അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്രയിൽ ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ബി ജെ പി തകർന്നെന്നും ബി ജെ പി വിനോദ് താവ്ഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും സുഷമ ആന്ധരെ പറഞ്ഞു.