National

നേതാക്കള്‍ക്ക് പ്രദേശിക ബന്ധം നഷ്ടപ്പെട്ടു; ഒപ്പം ജാതിസമവാക്യവും അഗ്നിവീറും സീറ്റ് വിതരണവും യു.പിയില്‍ തിരിച്ചടിച്ചു

Spread the love

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗദേയം നിര്‍ണയിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 543 അംഗ സഭയില്‍ 80 സീറ്റുകളുള്ള യുപിക്ക് ആരെയും താഴെയിറക്കാനും അധികാരത്തിലേറ്റാനുമുള്ള കെല്‍പ്പുണ്ട്. 2014-ല്‍ 71 ബി.ജെ.പി എം.പിമാരെയും 2019-ല്‍ 62 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയും സഖ്യകക്ഷിയായ അപ്നാ ദളിന്റെ (എസ്) രണ്ട് സ്ഥാനാര്‍ത്ഥികളെയും ലോക സഭയിലേക്ക് അയക്കാന്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞിരുന്നു. ‘ഇത്തവണ നാനൂറ് സീറ്റ്’ എന്ന ബിജെപിയുടെ സ്വപ്‌നത്തിന് പക്ഷേ യുപിയിലെ വോട്ടര്‍മാര്‍ കടിഞ്ഞാണിട്ടു. വാരണാസിയിലെ മോദിയുടെ വിജയത്തിന് മങ്ങലേറ്റതും അമേഠിയില്‍ സ്മൃതി ഇറാനിയുടെ പരാജയവുമെല്ലാം യു.പി.യില്‍ ബി.ജെ.പിക്ക് അടിത്തറ ഇളകുന്നതിലേക്കും എന്‍.ഡി.എ പാളയത്തിലെ തന്ത്രങ്ങള്‍ പാളിയതിലേക്കുമുള്ള ചൂണ്ടുപലകയാണ്. ബി.ജെ.പിയുടെ ‘ക്രൗഡ് പുള്ളര്‍’ നേതാക്കളിലൊരാളായ യോഗി ആതിദ്യനാഥ് നേതൃത്വം നല്‍കിയിട്ടും യു.പിയില്‍ ബി.ജെ.പി തിരച്ചടി നേരിട്ടതിന് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും മുന്‍കാലങ്ങളില്‍ കൂടെ നിന്ന വോട്ടര്‍മാര്‍ വിട്ടുപോകുന്നതിന്റെ സൂചനയുണ്ടായിരുന്നു. പ്രചാരണ റാലികള്‍ മുതല്‍ ഗ്രാമങ്ങളിലെ കുടുംബയോഗങ്ങളില്‍ വരെ ഇത് പ്രതിഫലിച്ചിട്ടും താഴെ തട്ടിലുള്ള ബന്ധങ്ങള്‍ കൈവിട്ട് പോകുന്നത് മനസിലാക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞില്ല. 2019-ല്‍ 4.79 ലക്ഷം ഉണ്ടായിരുന്ന മോദിയുടെ ഭൂരപക്ഷം രണ്ട് ലക്ഷത്തിനും താഴെ 1.52 ആയി കുറഞ്ഞത് അടക്കമുള്ള വസ്തുതകള്‍ക്ക് ബി.ജെ.പിക്കുള്ളിലെ അസ്വാരാസ്യങ്ങള്‍ തന്നെ കാരണമായിട്ടുണ്ട്.

ബി.ജെ.പി ‘ടൂള്‍’ എടുത്ത് വീശി എസ്.പി

2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപി ചില ഉയര്‍ന്ന ജാതികളെയും കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന തരത്തിലേക്ക് നേതാക്കളെ ഉണ്ടാക്കിയിരുന്നു. വ്യത്യസ്ത സാമൂഹിക ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആളുകളെ ഉള്‍പ്പെടുത്തി പാര്‍ട്ടി അടിത്തറ താഴെത്തട്ടിലടക്കം വിപുലീകരിച്ചു. ഇതാണ് നാല് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് മികച്ച വിജയം നേടിക്കൊടുത്തത്. എന്നാല്‍ ഈ ലോകസഭ തെരഞ്ഞെടുപ്പില്‍ നിരവധി ഘടകങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ലെന്ന് തിരച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞത് സമാജ് വാദി പാര്‍ട്ടിയായിരുന്നു. താഴെത്തട്ടിലുള്ളവരുമായി ബന്ധമുറപ്പിക്കാന്‍ ബി.ജെ.പിയുടെ ‘സോഷ്യല്‍ എന്‍ജീനിയറിങ് ടൂള്‍’ തന്നെ എസ്പിയും പുറത്തെടുത്തു. ബി.ജെ.പിക്ക് ഇത്തവണ എത്തിയ സ്ഥാനാര്‍ഥികളില്‍ പലരും പാര്‍ട്ടി പ്രദേശിക നേൃത്വത്തിനും അനുഭാവികള്‍ക്കും താല്‍പ്പര്യമില്ലാത്തവരായിരുന്നു. എന്നാല്‍ മുന്‍കാലത്തെ പോലെ ‘മോദി മാജിക്’ കൊണ്ട് ഇതിനെ മറികടക്കാമെന്നാണ് കരുതിയിരുന്നുത്. അത് നടന്നില്ലെന്ന് മാത്രമല്ല ഇത് എസ്.പി മുതലെടുക്കുകയും ചെയ്തു. എസ്.പി മുന്നോട്ടുവെച്ച സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ‘സോഷ്യല്‍ എന്‍ജിനിയറിങ്’ പ്രകാരമുള്ളതായിരുന്നു. അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതിസമവാക്യങ്ങളും ഉള്‍ച്ചേര്‍ന്നു. അഖിലേഷ് യാദവും കൂട്ടരും കണ്ടെത്തിയ 62 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ‘സയിഫായി’ കുടുംബത്തില്‍ നിന്നുള്ള അഞ്ച് യാദവര്‍ക്ക് ടിക്കറ്റ് നല്‍കി. പത്ത് സ്ഥാനാര്‍ഥികളെ കണ്ടെത്തിയത് ‘കുര്‍മി’ ജാതിയില്‍ നിന്നായിരുന്നു. ആറ് പേര്‍ കുശവ, മൗര്യ, ശാക്യ, സെയ്‌നി സമുദായംഗങ്ങളായിരുന്നു. ഇവരാകട്ടെ വര്‍ഷങ്ങളായി ബിജെപിയുമായി അടുത്ത ബന്ധമുള്ള സമുദായങ്ങളുമാണ്.

ഒ.ബി.സി വിഭാഗത്തില്‍ നിന്ന് ശ്യാംലാല്‍ പാലിനെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചതും തെരഞ്ഞെടുപ്പ് വിധി എസ്പിക്ക് അനുകൂലമാക്കി. ഇതിന് പുറമെ ബി.ജെ.പിക്കുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു മീററ്റിലെയും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെയും സ്ഥാനാര്‍ഥികളായി ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവരെ മത്സരിപ്പിക്കാനുള്ള തീരുമാനം. ”ഞങ്ങളുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് കൈകാര്യം ചെയ്തത് കേന്ദ്ര നേതാക്കളായിരുന്നു. എന്നാല്‍ അവര്‍ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്തവരായിരുന്നു. എസ്.പി സാധാരണക്കാരിലേക്ക് എത്താനുള്ള അടിത്തറ വിപുലപ്പെടുത്തിയപ്പോള്‍ ബിജെപി സ്വയം ചുരുങ്ങി. അഖിലേഷ് ബി.ജെ.പി കേന്ദ്രങ്ങളില്‍ ചുവടുറപ്പിച്ചു. എന്നാല്‍ ബി.ജെ.പി ഇപ്പോഴും യാദവരെയും ജാതവരെയും പാര്‍ട്ടി വിരുദ്ധരായി കണക്കാക്കുന്നു.” തിളക്കമില്ലാത്തെ ഫലത്തെ കുറിച്ച് ഒരു ബി.ജെ.പി നേതാവിന്റെ വാക്കുകള്‍ ആണിത്.

യുപി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് മൊറാദാബാദില്‍ നിന്നുള്ള ജാട്ട് വിഭാഗക്കാരനാണ്. ആര്‍എല്‍ഡിയുമായി സഖ്യമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി ബിജെപി കേന്ദ്രനേതൃത്വം കരുതുന്നു. എന്നാല്‍ ജാട്ട് ആധിപത്യമുള്ള, 2019-ല്‍ ഉയര്‍ന്ന മാര്‍ജിനില്‍ ബി.ജെ.പി. വിജയിച്ച പല മണ്ഡലങ്ങളിലും ബി.ജെ.പി കഷ്ടപ്പെടുകയോ പരാജയപ്പെടുകയോ ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഒബിസിക്കാരനായ ബി.ജെ.പി നേതാവ് പറഞ്ഞു, ”ഠാക്കൂറുമാരും ബ്രാഹ്മണരും ഈ സര്‍ക്കാരില്‍ വിശേഷാധികാരമുള്ളവരാണ്. എന്നാല്‍ ഠാക്കൂര്‍ വിഭാഗം പല മണ്ഡലങ്ങളിലും ബി.ജെപിക്ക് വോട്ട് ചെയ്തില്ല.”-നേതാവ് ചൂണ്ടിക്കാട്ടുന്നു.

ഖൈരാന, മുസാഫര്‍നഗര്‍, ഫത്തേപൂര്‍ സിക്രി, മോഹന്‍ലാല്‍ഗഞ്ച്, പ്രതാപ്ഗഡ്, കൗശംബി, അലഹബാദ്, ജൗന്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൃപ്തരായിരുന്നുല്ലെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നുള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. സിറ്റിംഗ് എംപിമാരില്‍ ചിലര്‍ക്ക് ടിക്കറ്റ് നിഷേധിച്ചു. കേന്ദ്ര നേതൃത്വം ആണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ‘മോദി മാജിക്’ ഇത്തവണയും തുണക്കുമെന്നായിരുന്നു അവരുടെ കണക്കുക്കൂട്ടല്‍. സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ ആര്‍.എസ്.എസ് രംഗത്ത് സജീവമായിരുന്നില്ല. പടിഞ്ഞാറന്‍ യു.പിയില്‍ പല പ്രദേശങ്ങളിലും ഇത് ശരിക്കും പ്രകടമായിരുന്നു. എല്ലാത്തിനും പുറമെയാണ് കേന്ദ്ര നേതൃത്വത്തോട് അടുപ്പമുള്ള നേതാക്കള്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയും ഉദ്യോഗസ്ഥരെ പോലെ ആജ്ഞാപിക്കുകയും ചെയ്തിരുന്നത്. പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും കേള്‍ക്കാന്‍ ഇത്തരക്കാര്‍ തയ്യാറായതെയില്ല. പൊതുയോഗങ്ങളിലും മറ്റും പലപ്പോഴും പണം നല്‍കി ആളുകളെ എത്തിക്കേണ്ട ഗതികേട് വരെയുണ്ടായതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അഗ്നിപഥും പരീക്ഷ പേപ്പര്‍ ചോര്‍ച്ചയും യുവാക്കളെ അകറ്റി

സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ച ‘അഗ്‌നിപഥ്’ പദ്ധതി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ അസംതൃപ്തി നിറച്ചു. പരീക്ഷ പേപ്പറുകള്‍ ചോര്‍ന്നതും നിര്‍ണായക ഘടകമായി. ബറേലി, ബദൗന്‍, ആഗ്ര, അലഹബാദ്, ബദോഹി, റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെല്ലാം സായുധ സേനയിലെ ജോലി മോഹിച്ചെത്തുന്ന യുവാക്കളാല്‍ നിറഞ്ഞിരുന്ന മൈതാനങ്ങള്‍ മിക്കവാറും ശൂന്യമായിരുന്നു. പോലീസ് ജോലിക്ക് അപേക്ഷിച്ച 48 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയപ്പോള്‍ പെരുവഴിയിലായത് ഈ വഴിക്ക് വോട്ട് ചോര്‍ന്നതിനുള്ള കാരണങ്ങളായി.