National

ദ്രാവിഡമണ്ണിൽ താമരയില്ല; ഇന്ത്യയ്ക്ക് 40 ൽ 40, തകർന്നടിഞ്ഞ് എഐഎഡിഎംകെ

Spread the love

ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം അതാണ് തമിഴ്നാട്ടിൽ കണ്ടത്. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത്.

എക്സിറ്റ് പോൾ ഫലങ്ങളെയൊക്കെ അട്ടിമറിച്ച് വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഒരിടത്തും എൻഡിഎയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ ആശ്വസിയ്ക്കാൻ ഒരവസരം പോലുമുണ്ടാക്കിയില്ല ഡിഎംകെ സഖ്യം.

അണ്ണാ ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെയിലെ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ മത്സരിച്ച വിരുദുനഗർ, എൻഡിഎയിൽ പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ രാംദാസ് മത്സരിച്ച ധർമപുരിയിലും മാത്രമാണ് ഡിഎംകെ സഖ്യത്തിന് മത്സരം നേരിടേണ്ടി വന്നത്. ഏഴ് റൗണ്ടുകൾ ഇരുവരും മുന്നിട്ടു നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവിടെയും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികൾ കത്തി കയറി.

2019ലും 2021ലും ഡിഎംകെയുടെ നേതൃത്വത്തിൽ രൂപീകരിച്ച മഴവിൽ സഖ്യം. അതാണ് പിന്നീട് ഇന്ത്യ മുന്നണിയായത്. രാജ്യത്തെ സംരക്ഷിയ്ക്കാൻ ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യാനായാരുന്നു തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജനങ്ങളോട് ആവശ്യപ്പെട്ടത്. ദേശീയ തലത്തിലേയ്ക്കായിരുന്നു ഡിഎംകെയുടെ പ്രകടന പത്രിക പോലും. ഇന്ത്യ മുന്നണിയുടെ നേതൃ നിരയിലെ എം കെ സ്റ്റാലിന്റെ സ്ഥാനം ഒരു വട്ടം കൂടി ഉറപ്പിയ്ക്കുകയാണ് തമിഴ് നാട്ടിലെ ഈ സമ്പൂർണ വിജയം.