Kerala

തനിക്കുവേണ്ടി പ്രചാരണത്തിന് വന്നത് ഒരു ഡികെ ശിവകുമാർ മാത്രം’; പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന് കെ.മുരളീധരൻ

Spread the love

തൃശൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ.മുരളീധരൻ.
ഒരിക്കലും ഉണ്ടാകരുതെന്ന് കരുതിയ അപ്രതീക്ഷിത വിജയമാണ് തൃശൂരിൽ ബിജെപിക്കുണ്ടായത്.
ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തിയെന്നും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റമുണ്ടായെന്നും പറഞ്ഞ അദ്ദേഹം ഒ.രാജ​ഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും പറഞ്ഞു. പതിവില്ലാതെ രണ്ടു മുന്നണികൾക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാ​ഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

തൃശൂരിൽ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകളിൽ എൽഡിഎഫിനൊപ്പം നിന്നു. എന്നാൽ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാൻ‌ യുഡിഎഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുവേണ്ടി പ്രചാരണത്തിന് വന്നത് ആകെ ഒരു ഡികെ ശിവകുമാർ മാത്രമാണ്. ദേശീയ രംഗത്തുള്ള നേതാക്കൾ അടക്കം തന്റെ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. മത്സരിക്കാനുള്ള ഒരു മൂഡില്ല. ചെറുപ്പക്കാർ വരട്ടെയെന്നും താന്മാറി ഷാഫി വന്നപ്പോൾ ഭൂരിപക്ഷം മാറിയതുപോലെ. സംഘടന സംവിധാനം കേരളത്തിൽ മൊത്തത്തിൽ പ്രയാസമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലാത്ത മാനസികാവസ്ഥയിലേക്ക് താൻ എത്തിയെന്നും തൽക്കാലത്തേക്ക് ഇനി പൊതുപ്രവർത്തനരംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.