‘രാവിലെ സ്‌കൂളിലേക്ക് വന്നാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ മടിക്കും; അത്രയും മികച്ചതാണ് നമ്മുടെ സ്‌കൂളുകള്‍’; മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആശംസകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണയും കുട്ടികളെ കാത്തിരിക്കുന്നത് മനോഹരമായ അധ്യയനവര്‍ഷമാണെന്ന് മന്ത്രി പറഞ്ഞു. മിടുക്കരായ കുട്ടികളെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ ഓരോരുത്തരും നടത്തേണ്ടത്. എല്ലാ തരത്തിലും കുട്ടികള്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഇതിനോടകം സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രവേശനോത്സവം നടത്തുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. കുട്ടികള്‍ മാത്രമല്ല ഓരോ സ്‌കൂളിലെയും പരിസര പ്രദേശത്തെ ആളുകളെല്ലാം പങ്കെടുക്കുന്ന ഒരു ഉത്സവമാണ് കേരളത്തിന് സ്‌കൂള്‍ പ്രവേശനോത്സവം. മൂന്നാഴ്ച മുന്‍പേ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പണ്ടുകാലത്തെ പോലെയല്ല ഏറ്റവും മികച്ച ക്ലാസ് മുറികളും സൗകര്യങ്ങളുമാണ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്നത്. രാവിലെ സ്‌കൂളിലേക്ക് വന്നാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ വരെ കുട്ടികള്‍ക്ക് മടിയാകും. അത്രയും മനോഹരവും നൂതനവുമായ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്’. മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തവണ എറണാകുളത്താണ് സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. എളമക്കര ജി.എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ വന്നുചേര്‍ന്നത് രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ്. ഇതുള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് മുപ്പത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി തൊള്ളായിരത്തി നാല്‍പത്തി നാല് കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക് എത്തും.