World

സമാധാനം അരികെ; ഗസ്സയില്‍ യുദ്ധമവസാനിപ്പിക്കാന്‍ ബൈഡന്‍ നിര്‍ദേശിച്ച പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായി നെതന്യാഹുവിന്റെ ഉപദേഷ്ടാവ്

Spread the love

ഏഴ് മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍-ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍ മുന്നോട്ടുവച്ച പ്ലാന്‍ ഇസ്രയേല്‍ അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവായ ഒഫിര്‍ ഫാല്‍ക്കാണ് സണ്‍ഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്റെ നിര്‍ദേശങ്ങള്‍ കുറ്റമറ്റതാണെന്ന് കരുതുന്നില്ലെങ്കിലും ബന്ദികളുടെ മോചനം ഉള്‍പ്പെടെ ഇസ്രയേല്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായിരിക്കുന്നതെന്നും ഒഫിര്‍ ഫാല്‍ക്ക് പറഞ്ഞു.

ഹമാസിനെ വംശഹത്യ നടത്തുന്ന ഭീകര സംഘടനയായി കണ്ട് നശിപ്പിക്കുക എന്ന ഇസ്രയേല്‍ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നെതന്യാഹുവിന്റെ ഉപദേഷ്ടാവ് പറയുന്നു. ബൈഡന്റെ പ്ലാനില്‍ ഇനിയും തിരുത്തലുകള്‍ ആവശ്യമാണെന്നും ഇസ്രയേല്‍ അറിയിച്ചു.

യുദ്ധം അനസാനിപ്പിച്ച് ഗസ്സയില്‍ സമാധാനമുറപ്പിക്കാന്‍ മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്ലാനാണ് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നത്. ആദ്യ ഘട്ടത്തിന് ആറാഴ്ച ദൈര്‍ഘ്യമുണ്ടാകും. ഇക്കാലയളവില്‍ ഇസ്രയേല്‍ സൈന്യത്തെ ഭാഗികമായി ഗസ്സയില്‍ നിന്ന് പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ പാലിക്കുകയും വേണം. ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തെ ഒഴിപ്പിക്കും. ഹമാസ് ബന്ദികളെ വിട്ടയയ്ക്കും. പകരമായി നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.

രണ്ടാം ഘട്ടത്തില്‍ സൈനികര്‍ ഉള്‍പ്പെടെയുള്ള തടവുകാരെ മോചിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകളും നടക്കും.